ന്യൂയോർക്ക്: പാക്കിസ്ഥാനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ചുള്ള എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫാ. ഡോ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു. വിശിഷ്ടാതിഥിയെന്ന നിലയിൽ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനായി അദ്ദേഹം ലാഹോറിലേക്ക് യാത്ര തിരിച്ചു.
ഈ മാസം 25, 26 തീയതികളിൽ മിൻഹാജ് സർവകലാശാലയിൽ നടക്കുന്ന കോൺഫറൻസിന്റെ വിഷയം "തീവ്രവാദത്തെ അതിന്റെ വേരുകളിൽ തടയുക, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ കെട്ടിപ്പടുക്കുക' എന്നതാണ്. മിൻഹാജ് സർവകലാശാലയും പാക്കിസ്ഥാൻ സർക്കാരും ചേർന്നാണ് കോൺഫറൻസ് സ്പോൺസർ ചെയ്യുന്നത്.
മതാന്തര പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളും യുഎസ്എയിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ച് പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഫാ.ഡോ. ജോസഫ് വർഗീസിന് ഈ അവസരം നൽകിയത്.
അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ.ഡോ. ജോസഫ് വർഗീസ്.
ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ പ്രഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു.
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യുഎസ്എയുടെ ഇന്റർ റിലീജിയസ് ഡയലോഗുകളുടെ കോകൺവീനറായും പ്രവർത്തിക്കുന്നു.
37 അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോകൺവീനറുമാണ് ഫാ.ഡോ. ജോസഫ് വർഗീസ്.